Saturday 17 June 2017

ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാകുമോ.....

ചിലതെല്ലാം അങ്ങനെ തന്നെയാണ്.... വേണ്ടെന്നു വെച്ച് വലിച്ചെറിഞ്ഞിട്ടും  തിരിച്ചെത്തുന്ന അപ്പൂപ്പൻ താടിയെപ്പോലെ.... പുസ്തകത്താളുകളിൽ മറന്നു വെച്ചിട്ടും വര്ഷങ്ങൾക്കിപ്പുറം  നഷ്ടമായൊരു ബാല്യം സമ്മാനമായിതരുന്ന മയിൽ‌പ്പീലി തണ്ടിനെ പോലെ... മറന്നു കളഞ്ഞെന്ന സമാധാനങ്ങളൊക്കെയും തകർത്തെറിഞ്ഞു പെട്ടെന്നൊരിക്കൽ ഓർമ്മകൾ തിരിച്ചു വരും .... ഒരു പഴയ ഫോട്ടോയോ  കളിക്കൂട്ടുകാരി സംമ്മാനമായിത്തന്ന വളപ്പൊട്ടോ  പണ്ടെപ്പോഴോ കൊതിപ്പിച്ചൊരു മിഠായി കടലാസോ ..  അങ്ങനെയെന്തെങ്കിലും....


എന്റെ ഓര്മകളിൽവിടെയോ അവളുണ്ട്.... നാജിയ... അര വട്ടുകാരി  കൂട്ടുകാരിക്കെഴുതിയ  കത്തുകൾ  അങ്ങനെയൊരിക്കൽ തിരിച്ചു വന്നു ..... ഗ്രീക്ക് ഇതിഹാസങ്ങളിൽ  ഭ്രമിച്ചു ഹെലൻ ആണെന്ന് സ്വയം വിശ്വസിച്ചൊരു കൂട്ടുകാരി ... പഴം കഥകളിലെപ്പോഴോ ഒരിക്കൽ മാത്രം കേട്ടൊരു ദേവതയെ - ഇഷ്താർ -  ആരാധിച്ചോരു ഞാനും ..... ആ കത്തുകൾ  എനിക്കൊരു കാലം തിരിച്ചു തന്നു....
തടിച്ച  പുസ്തക താളിൽ പെട്ട് ശ്വാസം മുട്ടി മരിച്ച  ഈയം പാറ്റയാകാൻ  മോഹിച്ചൊരെന്നെ തിരിച്ചു തന്നു....



എപ്പോഴാവും ഞാനിനി തിരിച്ചു പോകുന്നത്.....എന്റെ സന്തോഷങ്ങളിലേക്ക് ..... എന്റെ മുറിയിലെ പുസ്തകക്കൂട്ടങ്ങളിലേക്ക്..... സ്വപ്നങ്ങളിലേക്ക് ............ പുറത്തെ മഴയെക്കാൾ  മനസ്സ്  പെയ്യുന്നൊരു കാലത്തിലേക്ക് എന്നാവും  ഇനിയൊരു  തിരിച്ചു പോക്ക്....

1 comment:

  1. കൈകോർത്തു പിടിച്ചു ഞാനുണ്ടാകാം.... സന്തോഷങ്ങളിലേക്ക് തിരികെ നടക്കാം

    ReplyDelete